സര്‍ക്കാര്‍ സേവനങ്ങള്‍ ഔദാര്യമല്ല, അവകാശമാണ്

സര്‍ക്കാര്‍ സേവനങ്ങള്‍ ഔദാര്യമല്ല, അവകാശമാണ് 



     കേരളത്തിലെ ജനങ്ങളുടെ മാഗ്നാകാര്‍ട്ട് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശേഷിപ്പിച്ച കേരള സേവനാവകാശ നിയമവും ചട്ടങ്ങളും ആളുകളുടെയും ഉദ്യോഗസ്ഥരുടെയും അജ്ഞതമൂലം ഫലവത്താകാതെ പോവുകയാണ്.

എന്താണ് സേവനാവകാശ നിയമം? 
2012ലെ സേവനാവകാശ നിയമപ്രകാരം കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍) പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും നിയമപക്രാരം ലഭിക്കേണ്ട സേവനങ്ങള്‍ നിശ്ചിത സമയപരിധിക്കകം ലഭിക്കാന്‍ ഒരു പൌരന് അര്‍ഹതയുണ്ട്.

സമയപരിധി എങ്ങനെ അറിയും?
ഓരോ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവര്‍ നല്‍കുന്ന സേവനങ്ങള്‍, സേവനങ്ങള്‍ നല്‍കാന്‍ ഹാജരാക്കേണ്ട രേഖകള്‍, സേവനം നല്‍കാന്‍ നിയുക്തനായ ഉദ്യോഗസ്ഥനാര്, പരമാവധി എത്ര ദിവസത്തിനുള്ളില്‍ ഓരോ സേവനവും നല്‍കും, പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കേണ്ടതാര്‍ക്ക് എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ ഈ വിവരങ്ങള്‍ ഓരോ സര്‍ക്കാര്‍ ഓഫീസിന്‍റെയും നോട്ടീസ് ബോര്‍ഡില്‍ വ്യക്തമായി കാണത്തക്കവിധം പ്രദര്‍ശിപ്പിച്ചിരിക്കണം.

അപേക്ഷകന് പറ്റുചീട്ട് (രസീതി)
ഓരോ അപേക്ഷകനും അപേക്ഷ കിട്ടിയ വിവരത്തിന് പറ്റുചീട്ട് നല്‍കേണ്ടതാണ്. ഇതില്‍ സേവനം എന്ന് നല്‍കുമെന്നും രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അക്കാര്യം പറ്റുചീട്ടില്‍ പ്രത്യേകം രേഖപ്പെടുത്തേണ്ടതും അത് ഹാജരാക്കുന്ന തിയതി മുതല്‍ സേവന കാലാവധി വര്‍ധിക്കുകയും ചെയ്യുന്നതാണ്.

ഗ്രാമപഞ്ചായത്തില്‍ കെട്ടിട ഉടമാവകാശം മാറ്റിക്കിട്ടാന്‍ 45 ദിവസം, താമസക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റിന് ഏഴുദിവസം, വ്യാപാരം/വ്യവസായം തുടങ്ങാനുള്ള ലൈസന്‍സിന് 30 ദിവസം എന്നിങ്ങനെയാണ് പരമാവധി സമയം നിശ്ചയിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസില്‍ നിന്നാണെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റിന് ആറുദിവസം, ജാതിസര്‍ട്ടിഫിക്കറ്റിന് മൂന്നുദിവസം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്(പൊസിഷന്‍) ഏഴുദിവസം, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 5 ദിവസം എന്നിങ്ങനെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

പൊലീസ് വകുപ്പിലാണെങ്കില്‍ പരാതിക്കാരന് അന്നുതന്നെ എസ്.ഐ. എഫ്.ഐ.ആറിന്‍റെ പകര്‍ക്ക് നല്‍കണം. പരാതി അന്വേഷണത്തിന് 15 ദിവസവും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് 15 ദിവസവും പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന് മൂന്നുദിവസവും ആണ് എസ്.ഐക്ക് പരമാവധി ലഭിക്കുക.

ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ മൈക്ക് പെര്‍മിഷന് മൂന്നുദിവസവും ജാഥക്കുള്ള അനുമതിക്ക് ഏഴുദിവസവും പാസ്പോര്‍ട്ട് എന്‍ക്വയറി 20 ദിവസങ്ങള്‍ക്കുള്ളിലും പൂര്‍ത്തിയാക്കണം.
മോട്ടോര്‍ വാഹനവകുപ്പില്‍ വാഹനങ്ങള്‍ക്കുള്ള താല്‍ക്കാലിക ലൈസന്‍സിന് മൂന്നുദിവസം, പുതിയ ലൈസന്‍സിന്, ഉടമസ്ഥന്‍റെ പേര് മാറ്റല്‍, ആര്‍.സി. പുതുക്കല്‍ എന്നിവക്ക് പത്തുദിവസം വീതം, ഡ്രൈവിങ്ങ് ലൈസന്‍സിന് അഞ്ചുദിവസം എന്നിങ്ങനെയാണ് പരമാവധി സമയം. ഓരോ വകുപ്പിന്‍റെയും കുറച്ച് സേവനങ്ങള്‍ മാത്രമാണ് ഇവിടെ വിവരിച്ചത്. ഇങ്ങനെ എല്ലാ വകുപ്പുകളും വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. സമയപരിധിയില്‍ അവധി ദിവസങ്ങള്‍ പെടുകയില്ല.

ഇങ്ങനെ ഓരോ ഓഫീസിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ സേവനം ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യണം
നിശ്ചിത സമയപരിധിക്കുള്ളില്‍ സേവനം നല്‍കുകയോ നിരസിക്കാനുള്ള കാരണം അപേക്ഷകന് രേഖാമൂലം നല്‍കുകയോ ചെയ്തില്ലെങ്കില്‍ ഒന്നാം അപ്പീല്‍ അധികാരിക്ക് അപ്പീല്‍ നല്‍കാം.

നിശ്ചിത സമയപരിധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വേണം അപ്പീല്‍ നല്‍കാന്‍. ഒരു മാസത്തിനുള്ളില്‍ അപ്പീലിന്മേല്‍ തീര്‍പ്പുകല്‍പിക്കണം.
ഒന്നാം അപ്പീല്‍ അധികാരിയുടെ തീര്‍പ്പിന്മേല്‍ തൃപ്തിയില്ലെങ്കില്‍ അപേക്ഷകന് രണ്ടാം അപ്പീല്‍ അധികാരിയെ സമീപിക്കാം.

പിഴ 
മതിയായ കാരണം കൂടാതെയാണ് സമയപരിധി പാലിക്കാത്തതെന്ന് അപ്പീല്‍ അധികാരിക്ക് ബോധ്യപ്പെട്ടാല്‍ നിശ്ചിത ദിവസത്തിന് ശേഷമുള്ള ഓരോ ദിവസത്തിനും നിയുക്ത ഉദ്യോഗസ്ഥനുമേല്‍ ഒരു ദിവസത്തേക്ക് 250 രൂപ എന്ന നിലക്ക് ചുരുങ്ങിയത് 500 രൂപയും പരമാവധി 5000 രൂപയും പിഴ വിധിക്കാവുന്നതാണ്.

അപ്പീല്‍ അധികാരികള്‍ ആരെന്ന് എങ്ങനെ അറിയും
നിയുക്ത ഉദ്യോഗസ്ഥന്‍റെ പേരിന് പുറമെ ഒന്നാം അപ്പീല്‍ അധികാരിയുടെയും രണ്ടാം അപ്പീല്‍ അധികാരിയുടെയും വിലാസങ്ങള്‍ ഓരോ ഓഫീസിന്‍റെയും നോട്ടീസില്‍ പ്രസിദ്ധീകരിച്ചിരിക്കണം.

അപ്പീലിന് ഫീസുണ്ടോ?
അപ്പീലിന് ഫീസില്ല. എന്നാല്‍ നിശ്ചിത മാതൃകയിലുള്ള ഫോമിലായിരിക്കണം അപ്പീല്‍ സമര്‍പ്പിക്കേണ്ടത്. ഫോമുകളുടെ മാതൃകയും എല്ലാ ഓഫീസുകളുടെയും നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം.

വിവരാവകാശ നിയമവും സേവനാവകാശ നിയമവും എന്താണ് വ്യത്യാസം?
വിവരാവകാശ നിയമപ്രകാരം ഏതൊരു പൌരനും ഏത് വിവരവും ചോദിക്കാമെങ്കില്‍ സേവനാവകാശ നിയമ പ്രകാരം സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്ന ആള്‍ക്ക് മാത്രമേ തുടര്‍നടപടികള്‍ ചെയ്യാന്‍ അവകാശമുള്ളൂ.

സേവനാവകാശ നിയമത്തിന്‍റെ പ്രധാന ന്യൂനതയായി കാണുന്നത് അതിന്‍റെ നടത്തിപ്പ് നിരീക്ഷിക്കാന്‍ സ്വതന്ത്രമായ സംവിധാനമില്ല എന്നാണ്. വിവരാവകാശ നിയമത്തിന്‍റെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി വകുപ്പുകളില്‍ നിന്ന് സ്വതന്ത്രമായ ഒരു കമ്മീഷന്‍ നിലവിലുള്ളപ്പോള്‍ സേവനാവകാശ നിയമത്തില്‍ അപ്പീല്‍ നല്‍കേണ്ടത് നിയുക്ത ഉദ്യോഗസ്ഥന്‍റെ തന്നെ വകുപ്പിലെ മേലധികാരിക്കാണ് ഈ നിയമത്തിന്‍റെ പല്ലിന് മൂര്‍ച്ച കുറയാന്‍ കാരണം ഇതൊക്കെയെന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
SHARE

Nizarpervad

  • Image
  • Image
  • Image
  • Image
  • Image
    Blogger Comment
    Facebook Comment

1 comments:

  1. സേവനാവകാശനിയമപ്രകാരം പഞ്ചായത്ത് /നഗരകാര്യ ഡയറക്ടർമാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ നിയമത്തിന്നു
    വിരുദ്ധമാകയാൽ ആയത് പുനഃപ്രസിദ്ധീകരിക്കാനുള്ള സർക്കാർ നിർദ്ദേശം
    ഒരു വർഷം കഴിഞ്ഞിട്ടും ഈ വകുപ്പുതലവന്മാർ
    നടപ്പാക്കിയിട്ടില്ല. ഏറെകൊട്ടിഘോഷിച്ച നിയമം
    നടപ്പാക്കന്നതിനുള്ള ആർജ്ജവം ഇതിൽ നിന്നും വ്യക്തമാണല്ലോ?

    ReplyDelete

Popular Posts